ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മാതൃകാ പെരുമാറ്റ ചട്ടലംഘനത്തിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഹരിയാനാ മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടാറും ബി.ജെ.പി സർക്കാരും തെരഞ്ഞടുപ്പ് ചട്ടലംഘനം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷണറെ സമീപിച്ചു.
ഹരിയാനാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കുമാരി ഷെല്‍ജാ, മുന്‍ മുഖ്യമന്ത്രി ഭൂപേന്ദ്രർ സിങ് ഹൂഡാ എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സംഘമാണ് തെരഞ്ഞെടുപ്പ് കമ്മിഷണറെ കണ്ടത്. മനോഹർ ലാല്‍ ഖട്ടാര്‍ മാതൃകാ പെരുമാറ്റചട്ടം ലംഘിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി എടുക്കുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രി ഭൂപേന്ദ്രർ സിങ് ഹൂഡാ ആരോപിച്ചു.
ഹരിയാനാ പബ്ലിക് സർവീസ് കമ്മിഷനും ഹരിയാനാ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷനും ബി.ജെ.പി. സർക്കാരിന്‍റെ പോളിങ് ഏജന്‍റുമാരായാണ് പ്രവർത്തിക്കുന്നത്. പൊതുയിടങ്ങളില്‍ നിന്നും ബി.ജെ.പി. സർക്കാരിന്‍റെ പരസ്യഫലകങ്ങൾ നീക്കം ചെയ്യണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. മുംബൈ പൊലീസ് കമ്മിഷണർ സഞ്ജയ് ബ്രേവിന്‍റെ കാലാവധി നീട്ടി നല്‍കികൊണ്ടുള്ള മഹാരാഷ്‌ട്ര സർക്കാരിന്‍റെ നീക്കം ചട്ടലംഘനമാണ്. കഴിഞ്ഞ മാസം 31-നാണ് അദ്ദേഹം വിരമിക്കേണ്ടിയിരുന്നത് എന്നും കോണ്‍ഗ്രസ് ആരോപിച്ചു.