ജനീവ: പതഞ്ജലി ആയുർവേദിക്കിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. ആരോഗ്യസംരക്ഷണ മേഖലയിൽ ഏറ്റവും കൂടുതൽ സംഭാവനകള്‍ നല്‍കുന്നവര്‍ക്കുള്ള പുരസ്കാരമാണ് പതഞ്ജലി നേടിയത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സംഘടന ( യുഎൻഎസ്ഡിജി) ആണ് പുരസ്കാരം നല്‍കിയത്. ജനീവയിൽ നടന്ന ചടങ്ങിൽ പതഞ്ജലി ആയുർവേദിക് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആചാര്യ ബാൽകൃഷ്ണ പുരസ്കാരം സ്വീകരിച്ചു.
ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമായ യോഗയും ആയുർവേദവും ലോകത്തിന് മുമ്പിൽ ഉയർത്തിപ്പിടിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും യുഎന്നിനോടുളള നന്ദിയും സ്നേഹവും അറിയിക്കുന്നതായും ആചാര്യ ബാല്‍കൃഷ്ണ ട്വിറ്ററില്‍ കുറിച്ചു. പതഞ്ജലിയുടെ നേട്ടത്തെ ബാബാ രാംദേവ് അഭിമാനകരമായ നിമിഷമെന്ന് വിശേഷിപ്പിച്ചു. യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറിയേറ്റ എച്ച് ഫോർ, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. തെദ്റോസ് അദനോം ഗീബ്രീസസ്, അബേ ലീ തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.