ഭോപാൽ: മധ്യപ്രദേശിൽ പീഡനക്കേസിലെ പ്രതി കസ്റ്റഡിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ശുഭാം ബൈരാഗി എന്ന 25കാരനാണ് തെളിവെടുപ്പ് സമയത്ത് കസ്റ്റഡിയിൽ വച്ച് ആത്മഹത്യ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ.
ശുഭാം ബൈരാഗിയെ കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിൽ ഇയാൾക്ക് ആയുധക്കടത്തിലും പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പിന് പ്രതിയുടെ വീട്ടിലേക്ക് കൊണ്ട് പോയതായും വീട്ടിൽ ഒളിപ്പിച്ച് വച്ചിരുന്ന തോക്ക് ഉപയോഗിച്ച് ശുഭാം ബൈരാഗി സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ജബൽപൂർ റേഞ്ച്) ഭഗവന്ത് സിംഗിന്‍റെ വാദം. ശുഭാം ബൈരാഗിയെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഭഗവന്ത് സിംഗ് പറഞ്ഞു.
ശുഭാം ബൈരാഗി നേരത്തെ ഒളിവിലായിരുന്ന സമയത്ത് ഇയാളെ പിടികൂടിയാൽ മൂവായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അതേസമയം സംഭവത്തിൽ ശുഭാം ബൈരാഗി കുടുംബാംഗങ്ങൾ മൃതദേഹവുമായി റോഡിൽ പ്രതിഷേധിച്ചു.