ന്യൂഡൽഹി: ജമ്മു കശ്‌മീരില്‍ 4 ജി ഇന്‍റർനെറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്ക് മറുപടിയായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജമ്മു കശ്‌മീരില്‍ 4 ജി ഇന്‍റർനെറ്റ് സേവനം പുനഃസ്ഥാപിക്കേണ്ടതില്ല. ആളുകൾക്ക് അടിസ്ഥാന വിവരങ്ങളും വാർത്തകളും അറിയുന്നതിനായി 2 ജി നെറ്റ്‌വർക്ക് സേവനം മതിയാവും. മറ്റ് സംസ്ഥാനങ്ങളെ പോലെ പ്രതികൂല ഫലങ്ങൾ പ്രതീക്ഷിക്കാതെ 4 ജി സേവനങ്ങൾ പുനരാരംഭിക്കാൻ കേന്ദ്ര ഭരണ പ്രദേശത്ത് കഴിയില്ലെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.
4 ജി സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ തള്ളിക്കളയാൻ ജമ്മു കശ്‌മീർ ഭരണകൂടം ആവശ്യപ്പെട്ടു. ഇ-ലേണിങ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈൻ വീഡിയോ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനും 2 ജി ഇന്‍റർനെറ്റ് സേവനം മതിയാകുമെന്ന് ജമ്മു കശ്‌മീർ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അതിവേഗ ഇന്‍റർനെറ്റ് സൗകര്യം വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും വലിയ ഡാറ്റ ഫയലുകൾ (ഓഡിയോ / വീഡിയോ ഫയലുകൾ) കൈമാറ്റം ചെയ്യാനും ഉപയോഗിക്കും. ഇത് ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും മറ്റും തീവ്രവാദ സംഘടനകൾ ഉപയോഗപ്പെടുത്താമെന്നും ജമ്മു കശ്‌മീർ ഭരണകൂടം വ്യക്തമാക്കി. കൊവിഡിനെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും ഇത്തരം വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതും ഡൗൺലോഡ് ചെയ്യുന്നതും വഴി 4 ജി സേവനം ദുരുപയോഗം ചെയ്യുകയുമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
വൈറ്റ് ലിസ്റ്റ് ചെയ്‌ത യുആര്‍എല്ലുകൾ ഉപയോഗിച്ച് മാത്രം ഇന്‍റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുമ്പോഴും ജമ്മു കശ്‌മീരില്‍ അക്രമികൾ വ്യത്യസ്‌ത വിപിഎന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ കുറഞ്ഞ വേഗതയുള്ള മൊബൈൽ ഡാറ്റ സേവനങ്ങൾ കാരണം ഇവര്‍ക്ക് വലിയ ഡാറ്റ ഫയലുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയില്ല. ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശമല്ലെന്നും ഏതെങ്കിലും വ്യാപാരം തുടരാനുള്ള അവകാശമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്‍റർനെറ്റ് സൗകര്യം അനിവാര്യമാണെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടക്കണമെങ്കിൽ മികച്ച ഇന്‍റർനെറ്റ് സൗകര്യവും സാങ്കേതികവിദ്യയും ആവശ്യമാണെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായി ടിവി വഴി വിദ്യാർഥികൾക്ക് പാഠങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നും ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഓഡിയോ ക്ലാസുകൾ സ്വകാര്യ റേഡിയോ ചാനലിൽ ദിവസവും ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ നല്‍കുന്നുണ്ടെന്നും ജമ്മു കശ്‌മീര്‍ സർക്കാർ കോടതിയെ അറിയിച്ചു. പ്രസാർ ഭാരതി ഇതിനായി ആകാശവാണിയിൽ രണ്ട് മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. സർക്കാരിന്‍റെ ഇ-ലേണിങ് വെബ്‌സൈറ്റുകൾ ലഭ്യമാണെന്നും പാഠങ്ങൾ യൂട്യൂബിലും വാട്‌സ് ആപ്പിലും ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.