വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി. അഭിമാനത്തോടെ നെഞ്ചുവിരിച്ച് നടക്കുന്ന അഭിനന്ദന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാജ്യത്തെ നൂറ്റി മുപ്പത്തി നാലു കോടി ജനങ്ങൾക്ക് ഇത്ആശ്വാസത്തിന്‍റെ രാവ്. വാഗയില്‍ നിന്ന് അഭിനന്ദന്‍ വര്‍ധനമാന്‍ പുറത്തെത്താൻ മണിക്കൂറുകളായി കാത്തിരുന്ന ജനതയ്ക്ക് മുന്നിലേക്കാണ് അഭിനന്ദന്‍ എത്തിയത്.
വീരനായക പരിവേഷത്തോടെയാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ഇന്ത്യൻ മണ്ണിൽ കാലു കുത്തിയത്. എയര്‍ വൈസ് മാര്‍ഷല്‍മാർ അദ്ദേഹത്തെ സ്വീകരിച്ചു.കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന സംഘംവാഗ അതിര്‍ത്തിയില്‍ അഭിനന്ദനെ സ്വീകരിക്കാനെത്തി. മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അഭിനന്ദനെ പുറത്തെത്തിച്ചത്.
പാക് സൈനിക വിമാനത്തിലാണ് അഭിനന്ദനെ റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലെത്തിച്ചത്. ലഹോറില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ കൈമാറ്റരേഖയില്‍ ഒപ്പുവച്ചു. സൈനികരുടെ പതിവ് പ്രദര്‍ശനമായ ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങുകള്‍ ഇന്ത്യ ഒഴിവാക്കിയാണ് വാഗാ അതിര്‍ത്തിയില്‍ അഭിനന്ദനെ എത്തിച്ചത്. അഭിനന്ദനെ വരവലേല്‍ക്കാന്‍ നൂറുകണക്കിന് ആളുകള്‍ ഇന്ത്യന്‍ പതാകയുമായി വാഗയില്‍ എത്തി.