ഗുവാഹട്ടി: പൗരത്വ ഭേദഗതി ബില്‍ പാസാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ ശക്തമായ സമര പരിപാടികളുമായി ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയന്‍ (എഎഎസ്‌യു). എഎഎസ്‌യു അധ്യക്ഷന്‍ സമൂചാല്‍ ഭട്ടാചാര്യയാണ് ഇക്കാര്യം അറിയിച്ചത്. വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ ബി.ജെ.പി സര്‍ക്കാര്‍ നിരന്തരം നിയമ നിര്‍മാണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നിയമപരമായി ബില്ലിനെ നേരിടാനാണ് ഉദ്ദേശിക്കുന്നത്. സുപ്രീം കോടതയില്‍ ബില്ലിനെ നേരിടുന്ന കാര്യത്തില്‍ അഭിഭാഷകരുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. തങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ബില്ലിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമൂചാല്‍ ഭട്ടാചാര്യ പറഞ്ഞു.
രാജ്ഭവനിലും മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്തും അടക്കം ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിസോറാം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍റ്, എന്നിവയ്ക്ക് പുറമെ മണിപ്പൂരിനേയും ബില്‍ ബാധിക്കും. ത്രിപുര, അസം, മേഘാലയ എന്നീ ഗോത്ര മേഖലകളെ ബില്ലിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ രാഷ്ട്രീയമായി വ്യത്യസ്ഥ ചേരികളില്‍ ആണെങ്കിലും വൈകാരികമായി ഒരു യൂണിയനാണെന്ന് അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശ്, അസം, ത്രിപുര എന്നിവിടങ്ങളില്‍ എഎഎസ്‌യുവിന്‍റെ നേതൃത്വത്തില്‍ നടന്ന 11 മണിക്കൂര്‍ പ്രക്ഷോഭം ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടത് സംഘടകള്‍ അസമില്‍ നടത്തിയ 12 മണിക്കൂര്‍ സമരവും ബില്ലിനെതിരെയുള്ള ശക്തമായ പ്രതിഷേധമായിരുന്നു.
ബില്ലിനെതിരെ മണിപ്പൂരില്‍ 15 മണിക്കൂര്‍ ബന്ദാണ് നടത്തിയത്. മേഘാലയയില്‍ നിന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ ബില്ലിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ സമാധാനപരമായിരിക്കുമെന്ന് സമൂചാല്‍ ഭട്ടാചാര്യ പറഞ്ഞു. ഡിസംബര്‍ 14 മുതല്‍ അസമിലെ എല്ലാ ജനങ്ങള്‍ക്കും ബില്ലിന്‍റെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.