ഗുവാഹത്തി: അസമിലെ ദേശീയ പൗരത്വ പട്ടികയുടെ അന്തിമരൂപം ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിക്കണമെന്ന സുപ്രീം കോടതി വിധി അടുത്തിരിക്കെ നടപടിയെ സ്വാഗതം ചെയ്‌ത് ഓൾ അസം സ്റ്റുഡന്‍സ് യൂണിയൻ (എഎഎസ്‌യു). ദേശീയ പൗരത്വ പട്ടിക സംസ്ഥാനത്തിനും രാജ്യത്തിനും ഉപയോഗപ്രദമാകുമെന്ന് വിശ്വസിക്കുന്നെന്ന് എഎഎസ്‌യു ജനറല്‍ സെക്രട്ടറി ലൂറിൻ ജ്യോതി ഗോഗോയ് പറഞ്ഞു. ആറ് വര്‍ഷക്കാലമായി എഎഎസ്‌യു അസമിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃതമായ കുടിയേറ്റം ഒഴിവാക്കാൻ എൻആർസി മാത്രമാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു.
അസമിന്‍റെ സംസ്‌കാരത്തെയും അതിന്‍റെ സ്വത്വത്തെയും മോഷ്ടിക്കുകയാണ് അനധികൃത കുടിയേറ്റക്കാര്‍ ചെയ്യുന്നത്. എഎഎസ്‌യു എല്ലായ്‌പ്പോഴും ഇതിനെതിരെയാണ് പ്രവര്‍ത്തിച്ചത്. ദേശീയ പൗരത്വ പട്ടിക സംസ്ഥാനത്തിനും രാജ്യത്തിനും മൊത്തത്തിൽ പ്രയോജനകരമാണെന്ന് തെളിയിക്കും. ഭാവിയിൽ ഉണ്ടാകാനിടയുള്ള കൂടുതൽ പ്രശ്‌നങ്ങൾ ഒഴിവാക്കാനും ഇത് ഉപയോഗപ്രദമാകുമെന്നും ലൂറിൻ ജ്യോതി ഗോഗോയ് പറഞ്ഞു.