ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവ് പ്രകാരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീട്ടു തടങ്കലിലാക്കിയെന്ന വാദം നിരസിച്ച് ഡൽഹി പൊലീസ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പരിപാടിയിൽ പങ്കെടുക്കാനായി 11 മണിയോടെ പുറത്ത് പോയെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കർഷകരെ സന്ദർശിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി കെജ്‌രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആംആദ്‌മി പാർട്ടി ഇന്നലെ ആരോപിച്ചിരുന്നു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡൽഹി പൊലീസ് പ്രതികരിച്ചു.
എന്നാൽ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ആം ആദ്മി വക്താവ് രാഘവ് ചദ്ദ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിർദേശ പ്രകാരം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ സഞ്ചാര സ്വാതന്ത്ര്യം ഇപ്പോഴും പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് പൂർണ ഉത്തരവാദിത്തത്തോടെയാണ് പറയുന്നതെന്നും ചദ്ദ കൂട്ടിച്ചേർത്തു.