മുംബൈ: മഹാരാഷ്‌ട്രയിൽ 90 വയസുകാരി കൊവിഡ് മുക്തയായി. സിവിൽ ആശുപത്രിയിൽ നിന്ന് ചൊവ്വാഴ്‌ചയാണ് ഇവർ ആശുപത്രി വിട്ടത്. അതേസമയം താനെ ജില്ലയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. താനെയിൽ നിന്ന് 121 കൊവിഡ് കേസുകളാണ് ചൊവ്വാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,399 ആയി ഉയർന്നു. 38 പേർ ജില്ലയിൽ മരിച്ചു.
നവി മുംബൈയിൽ 395, കല്യാൺ- ഡോംബിവാലിയിൽ 224, മീരാ ഭയന്ദറിൽ 189, താനെ ഗ്രാമത്തിൽ 50, ബദ്‌ലാപൂരിൽ 42, ബിവന്ദി-നിസാംപൂരിൽ 20, ഉൽഹാസ് നഗറിൽ നിന്ന് 16, അംബർനാഥ് മുനിസിപ്പൽ പരിധിയിൽ 11 എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. കല്യാൺ- ഡോംബിവാലിയിൽ നിന്ന് റിപ്പോർട്ട് ചെയ്‌ത പോസിറ്റീവ് കേസുകളിൽ അഞ്ച് പൊലീസുകാരും ഉൾപ്പെടുന്നു.
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മെയ് എട്ട് മുതൽ കല്യാൺ മേഖലയിലുള്ളവർക്ക് പുറത്ത് കടക്കാനോ, പുറത്ത് നിന്ന് ഇവിടേക്ക് പ്രവേശിക്കാനോ അനുവദിക്കില്ലെന്ന് കല്യാൺ- ഡോംബിവാലി മുനിസിപ്പൽ കമ്മീഷണർ വിജയ് സൂര്യവംശി അറിയിച്ചു. മീരാ ഭായന്ദറിൽ പാൽ, മരുന്ന് കടകൾ എന്നിവക്ക് മാത്രമെ അനുവാദമുള്ളൂ. കുടിയേറ്റ തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള അനുമതി രേഖകൾ ലഭ്യമാക്കുന്നതിന് ഫോട്ടോകോപ്പി കടകൾ തുറന്നു പ്രവർത്തിക്കാനും അനുവാദമുണ്ട്. കൊവിഡ് ചികിത്സാ കേന്ദ്രമാക്കാൻ നവി മുംബൈയിലെ സിഡ്കോ പ്രദർശന കേന്ദ്രം പ്രാദേശിക സംഘടന ഏറ്റെടുത്തു.