മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉൽഹാസ്നഗറിൽ ഒരു കുടുംബത്തിലെ ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് എട്ടിന് ഇവരുടെ ബന്ധുവായ 50 വയസ്കാരൻ വൈറസ് ബാധിച്ച് മരിച്ചിരുന്നു. ശവസംസ്കാര വേളയിൽ എല്ലാ മാർഗ്ഗനിർദേശങ്ങളും കർശനമായി പാലിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷം ആശുപത്രി അധികൃതർ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. എന്നാൽ മൃതശരീരം പൊതിഞ്ഞ പ്ലാസ്റ്റിക്ക് ഷീറ്റുകൾ നീക്കം ചെയുകയും മൃതശരീരം കുളിപ്പിക്കുന്നതുൾപ്പെടെയുള്ള ആചാരങ്ങൾ നടത്തുകയും ചെയ്തു. 70 ഓളം പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് വെള്ളിയാഴ്ച കുടുംബത്തിലെ ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഉൽഹാസ്നഗർ മുനിസിപ്പൽ കോർപ്പറേഷൻ വക്താവ് യുവരാജ് ബദാനെ പറഞ്ഞു. ബാക്കിയുള്ള കോൺടാക്റ്റുകൾ കണ്ടെത്തി അവരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു.
നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിന് ഒൻപത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഉൽഹാസ്നഗറിൽ ഇതുവരെ 89 പേർ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് നാല് മരണവും റിപ്പോർട്ട് ചെയ്തു.