കാൺപൂർ: വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ഓൺലൈൻ സെക്സ് റാക്കറ്റിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് പൊലീസാണ് ഓൺലൈൻ സെക്സ് റാക്കറ്റ് സംഘത്തെ കണ്ടെത്തി ഒമ്പത് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. സംഘത്തിന്‍റെ കാൺപൂരിലെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് 11 പേരെ അറസ്റ്റ് ചെയ്തത്. സംഘം ട്വിറ്ററിൽ പങ്ക് വെച്ച ലിങ്കിലൂടെ ഉപഭോക്താക്കൾ എന്ന രീതിയിലാണ് പൊലീസ് റാക്കറ്റുമായി ബന്ധപ്പെട്ടതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് പ്രീതീന്ദർ സിംഗ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നൗബസ്ത സ്വദേശിയായ ആശിഷ് കുമാറിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രാജു എന്ന ആളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന പെൺകുട്ടികളെ കൽപ്പന ഗുപ്ത എന്ന ബ്രോക്കർ വഴിയാണ് ഉപഭോക്താക്കൾക്ക് കൈമാറുന്നതെന്ന് അറസ്റ്റിലായവർ പൊലീസിനെ അറിയിച്ചു.
അറസ്റ്റിലായവരിൽ നിന്ന് ഇരുപത്തിയൊന്ന് മൊബൈൽ ഫോണുകളും രണ്ട് മോട്ടോർ സൈക്കിളുകളും രണ്ട് സ്‌കൂട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. റാക്കറ്റിൽ ഉൾപ്പെട്ട സ്ത്രീകൾ അസം, ഡൽഹി, ഫൈസാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.