ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിൽ വ്യാജ രേഖകളുമായി യാത്ര ചെയ്യാനെത്തിയ ഒമ്പത് പേർ അറസ്റ്റിലായതായി കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്). സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ നാല് പേരെ ചെക്ക്-ഇൻ ടെർമിനൽ മൂന്നിൽ കണ്ടെത്തുകയായിരുന്നെന്ന് സിഐഎസ്എഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു.
സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ (എസ്എച്ച്എ) പ്രീ-എംബാർക്കേഷൻ സെക്യൂരിറ്റി ചെക്ക് (പിഎസ്‌സി) സമയത്ത് അറസ്റ്റിലായ യാത്രക്കാർ മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്‍റെ ബോർഡിങ് പാസുകൾ കാണിച്ചു. പാസ്പോര്‍ട്ടുകള്‍ അരുൺ കപൂർ, ക്രിഷ് കപൂർ, മസ്‌കാൻ കപൂർ, റിയ കപൂർ എന്നി പേരിലുള്ളതായിരുന്നു. എന്നാൽ ഇവരുടെ ബാഗുകളില്‍ നിന്ന് പട്ടേൽ ഹാർദിക് കുമാർ, പട്ടേൽ വിശ്വാസ് വിഷ്ണുഭായ്, പർസൻബ ജിവാജി സല, പട്ടേൽ ഹിനാൽ എന്നീ പേരിലുള്ള ഐഡി കാർഡുകൾ (പാൻ കാർഡ് / വോട്ടർ ഐഡി കാർഡ്) കണ്ടെടുത്തു. തുടർന്ന് ഇവരുടെ പാസ്‌പോർട്ടും ഇമിഗ്രേഷൻ സ്റ്റാമ്പുകളും പരിശോധിച്ചപ്പോൾ പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇവർ ഉപയോഗിച്ച രോഖകൾ ടെറോന്‍റോയിലേക്ക് പുറപ്പെടുന്നതിനായി നേരത്തെ എമിഗ്രേഷൻ പൂർത്തിയാക്കിയ വ്യക്തികളുടെതാണെന്ന് കണ്ടെത്തി. ഇതോടെ രേഖകൾ കൈമാറാൻ ഇവരെ സഹായിച്ച അമാൻ നയ്യാർ എന്ന വ്യക്തിയുള്‍പ്പടെ നാല് യാത്രക്കാരെ അറസ്റ്റ് ചെയ്തു.