ചെന്നൈ: തയ്യല്‍ മെഷീനുമായി വീടുകളിലെത്തുന്ന അബ്‌ദുല്‍ റഹീം എന്ന എൺപത്തഞ്ചുകാരൻ കോയമ്പത്തൂരുകാര്‍ക്ക് സുപരിചിതനാണ്. ഒരോ വീടുകളിലും തയ്യല്‍ മെഷനുമായെത്തി വസ്‌ത്രങ്ങൾ തുന്നി കൊടുത്തു കിട്ടുന്ന പണം കൊണ്ടാണ് അബ്‌ദുല്‍ റഹീമും കുടുംബവും ജീവിക്കുന്നത്. ദിവസവും 12 കിലോമീറ്റര്‍ മുതല്‍ 15 കിലോമീറ്റര്‍ വരെയാണ് തയ്യല്‍ മെഷീനുമായി ഇയാൾ യാത്ര ചെയ്യുന്നത്. 40 വർഷത്തോളമായി അബ്‌ദുല്‍ റഹീം ഈ ജോലി ചെയ്യാൻ തുടങ്ങിയിട്ട്.
അതിരാവിലെ വീട്ടില്‍ നിന്ന് വെള്ളവും ഭക്ഷണവും തയാറാക്കി തയ്യല്‍ മെഷനുമായി ജോലിക്കിറങ്ങുന്ന അബ്‌ദുല്‍ റഹീം വൈകുന്നേരത്തോടെയാണ് തിരികെ എത്തുന്നത്. ഒരു ദിവസം 100 മുതൽ 150 രൂപ വരെ മാത്രമാണ് വരുമാനം ലഭിക്കുന്നതെന്ന് അബ്‌ദുല്‍ റഹീം പറയുന്നു. അടുത്തിടെയാണ് ഇയാൾ തയ്യല്‍ മെഷീനില്‍ മോട്ടര്‍ പിടിപ്പിക്കുന്നത്. പ്രായത്തിന്‍റേതായ ആരോഗ്യ പ്രശ്‌നങ്ങൾ അബ്‌ദുല്‍ റഹീമിനെ അലട്ടി തുടങ്ങിയിരിക്കുന്നു. ആരുടേയും പിന്തുണയോ സര്‍ക്കാര്‍ സഹായമോയില്ലാതെ വാര്‍ധക്യത്തിലും ജീവിതമാര്‍ഗം കണ്ടെത്തുന്ന ഇയാൾ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറുകയാണ്.