ചെന്നൈ: സംസ്ഥാനത്ത് രാജ്‌ഭവനിലെ 84 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സുരക്ഷ ഉദ്യോഗസ്ഥർക്കും അഗ്നിശമന സേന ഉദ്യോഗസ്ഥർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നും ഗവർണർ ബൻവാരിലാൽ പുരോഹിതുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഇവർ സമ്പർക്കത്തിൽ വന്നിട്ടില്ലെന്നും സർക്കാർ അറിയിച്ചു. ജീവനക്കാരിൽ ചിലർ രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് കൊവിഡ് പരിശോധനക്ക് വിധേയമായത്. 147 പേർക്കാണ് കൊവിഡ് പരിശോധന നടത്തിയതെന്നും ഇതിൽ 84 പേർ രോഗബാധിതരാണെന്ന് കണ്ടെത്തിയെന്നും രാജ്‌ഭവൻ പ്രസ്‌താവനയിൽ പറഞ്ഞു. ഇവരെ ആരോഗ്യ വകുപ്പ് ക്വാറന്‍റൈനിലേക്ക് മാറ്റി.
രാജ്ഭവൻ കെട്ടിടത്തിന് പുറത്തെ ജീവനക്കാർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തതെന്നും രാജ്‌ഭവനിലെ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് 5,849 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 1,86,492 ആയി ഉയർന്നു. പുതുതായി നിർമിച്ച പ്ലാസ്‌മ ബാങ്ക് സംസ്ഥാന സർക്കാർ ഉദ്‌ഘാടനം ചെയ്‌തു. കൊവിഡ് മുക്തരായവർ പ്ലാസ്‌മ ദാനത്തിന് തയ്യാറാകണമെന്നും സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു.