ചെന്നൈ: രാജ്യത്ത് കൊവിഡ് കേസുകൾ ഒരു ലക്ഷം കടന്നപ്പോഴും നേരിയ ആശ്വാസത്തിന്‍റെയും വാർത്തകൾ എത്തുന്നുണ്ട്. ചെന്നൈയിൽ കവാസാക്കി രോഗവും ടോക്സിക് ഷോക്ക് സിൻഡ്രോം (ടിഎസ്എസ്) എന്ന രോഗവും ബാധിച്ച കൊവിഡ് സ്ഥിരീകരിച്ച ആൺകുട്ടി രോഗമുക്തനായി. കൊവിഡിനെതിരെ പോരാടി ജയിച്ച ചെന്നൈയിലെ ഈ എട്ടു വയസുകാരന്‍റെ വിജയം ഒരു പക്ഷേ ഇന്ത്യയിൽ തന്നെ ആദ്യത്തെ കേസാണെന്ന് പറയാം.
കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന്, ചെന്നൈയിലെ കാഞ്ചി കാമകോട്ടി ചിൽഡ്‌സ് ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് കൊവിഡ് നെഗറ്റീവെന്നാണ് തുടക്കത്തിൽ പരിശോധനാഫലം വന്നത്. എങ്കിലും, ആൺകുട്ടി ഐസിയുവിൽ ചികിത്സയിലായിരുന്നു. എന്നാൽ, ടോക്സിക് ഷോക്ക് സിൻഡ്രോം, കവാസാക്കി രോഗം എന്നിവയുടെ ലക്ഷണങ്ങളും കണ്ടെത്തിയതോടെ കുട്ടിയെ പിഐസിയുവിൽ പ്രവേശിപ്പിക്കുകയും ഉയർന്ന വീര്യമുള്ള ആന്‍റിബയോട്ടിക്കുകൾ നൽകുകയും ചെയ്തു. പിന്നീട് സാമ്പിൾ പരിശോധിച്ചപ്പോൾ എട്ടു വയസുകാരന് കൊവിഡ് ബാധയുണ്ടെന്നും സ്ഥിരീകരിച്ചു. കുട്ടിയെ ഉടനെ തന്നെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചതായും രോഗിക്ക് ഐവി ദ്രാവകങ്ങളും മറ്റും നൽകിയതായും ആശുപത്രി അധികൃതർ വിശദമാക്കി. കുട്ടിക്ക് ആന്‍റിബയോട്ടിക്കുകൾക്ക് പുറമെ, ഇൻട്രാവൈനസ് ഇമ്യൂണോഗ്ലോബിനും നൽകിയെങ്കിലും കടുത്ത പനി തുടർന്നു. റൂമറ്റോളജിക്കൽ (രക്തവാതങ്ങളും മറ്റും) ചികിത്സിക്കായി ഉപയോഗിക്കുന്ന ടോസിലിസുമാബ് പ്രയോഗിച്ചതോടെയാണ് കുട്ടി രോഗമുക്തി നേടിയതെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം, കുട്ടിയുടെ മാതാപിതാക്കൾക്കും ഇളയ സഹോദരനും കൊവിഡ് ബാധയില്ല.