ഉഡുപ്പി: ബെല്ലാംപള്ളി പാലത്തിനടിയിൽ പുല്ലാങ്കുഴൽ വായിക്കുന്ന ഭാവത്തിലുള്ള കൃഷ്ണന്‍റെ പഞ്ചലോഹ വിഗ്രഹം കണ്ടെത്തി. ഓഗസ്റ്റ് 31ന് രാത്രി എട്ടുമണിയോടെ ഉഡുപ്പിയിലെ സ്വർണ നദിയുടെ തീരത്ത് മത്സ്യബന്ധനം നടത്തുന്ന ചെറുപ്പക്കാരാണ് പാലത്തിന് താഴെ വിഗ്രഹം കണ്ടത്. ഇവർ ശ്രീകൃഷ്ണ വിഗ്രഹം പുറത്തെടുക്കുകയും ഹിരിയാഡ്‌ക പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. വിഗ്രഹം നിലവിൽ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിഗ്രഹത്തിന് പഴക്കമില്ലെന്നും കുറച്ചു കാലം വീട്ടിൽ സൂക്ഷിച്ച ശേഷം ആരെങ്കിലും ഉപേക്ഷിച്ചിരിക്കാമെന്നുമാണ് പ്രാഥമിക നിഗമനം. വിഗ്രഹത്തിന് എട്ട് കിലോ ഭാരമുണ്ടെന്ന് ബെല്ലാംപള്ളി ഭൂട്ടരാജ ദേവാലയം പ്രസിഡന്‍റ് പ്രവീൺ ഷെട്ടി ബെല്ലാംപള്ളി പറഞ്ഞു.