ചെന്നൈ: തമിഴ് നടന്‍ വിജയിയുടെ വീടിന് പുറമെ ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം ആദായ നികുതി വകുപ്പിന്‍റെ വ്യാപക റെയ്‌ഡ്. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കൾക്ക് സാമ്പത്തിക സഹായം നല്‍കിയ വ്യവസായി അന്‍പു ചെഴകന്‍റെ വസതിയില്‍ നിന്ന് 77 കോടി രൂപ പിടിച്ചെടുത്തു. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയതും നടൻ വിജയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും. വിജയിയുടെ ഭാര്യയെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തു.
ദീപാവലിക്ക് തിയേറ്ററുകളിൽ എത്തിയ ബിഗില്‍ ബോക്‌സോഫീസിൽ 300 കോടി രൂപ നേടിയിരുന്നു. അന്‍പു ചെഴകന്‍റെ ചെന്നൈയിലും മധുരയിലുമായുള്ള 38 ഓളം സ്ഥലങ്ങളില്‍ നടന്ന റെയ്‌ഡിലാണ് കണക്കിൽ പെടാത്ത പണം പിടിച്ചെടുത്തത്. പണത്തിന് പുറമെ പ്രോപ്പര്‍ട്ടി ഡോക്യുമെന്‍റുകൾ, പ്രോമിസറി നോട്ടുകൾ, ചെക്കുകൾ തുടങ്ങിയവ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. റെയ്‌ഡില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ 300 കോടിയിലധികം രൂപയുടെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് വിവരം.