ന്യൂഡൽഹി: ഡൽഹി പൊലീസിന്‍റെ വയർലെസ് കൺട്രോൾ റൂമിലെ ഏഴ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഡൽഹിയിലെ പടിഞ്ഞാറൻ ജില്ലാ കൺട്രോൾ റൂം വ്യാഴാഴ്ച രാത്രി അടച്ചു. പടിഞ്ഞാറൻ ജില്ലയിലെ വയർലെസ് കൺട്രോൾ റൂമിലെ ഒരു ജീവനക്കാരന് നാല് ദിവസം മുമ്പ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മറ്റ് ജീവനക്കാരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തിരുന്നു.
ഏഴ് ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ അടുത്ത അഞ്ച് ദിവസത്തേക്ക് മുപ്പത് ജീവനക്കാർക്ക് ഹോം ക്വാറന്‍റൈൻ ഏർപ്പെടുത്തി. തുടർന്ന് പടിഞ്ഞാറൻ ജില്ലാ കൺട്രോൾ റൂമായി ഫോഴ്‌സിന്‍റെ മൊബൈൽ കൺട്രോൾ റൂം പ്രവർത്തിക്കും. ഔദ്യോഗിക ഉത്തരവ് പ്രകാരം ഓരോ ഷിഫ്റ്റിലും അഞ്ച് സ്റ്റാഫുകൾ വീതം ഉണ്ടായിരിക്കും. കൺട്രോൾ റൂം, വർക്ക്‌ഷോപ്പ്, എക്‌സ്‌ചേഞ്ച് എന്നിവയിലെ എല്ലാ ജീവനക്കാർക്കും അഞ്ച് ദിവസം ഹോം ക്വറന്‍റൈൻ ഏർപ്പെടുത്തുകയും ആരോഗ്യ സ്ഥിതി ഡ്യൂട്ടി ഓഫീസർ ദിവസവും റിപ്പോർട്ട് ചെയുകയും ചെയ്യും. ഡൽഹി പൊലീസിന് 15 ജില്ലയിലും കൺട്രോൾ റൂം ഉണ്ട്. കൺട്രോൾ റൂമിൽ ഓരോ ഷിഫ്റ്റിലും കുറഞ്ഞത് ഏഴ് സ്റ്റാഫുകളെങ്കിലും കാണും.