ന്യൂഡൽഹി: സുപ്രീം കോടതിയിൽ ഈ മാസം ഒന്ന് വരെ 60,469 കേസുകൾ തീർപ്പാക്കാതെ അവശേഷിക്കുന്നു. പുതിയ ഹർജികൾ ഉൾപ്പടെ 59,670 കേസുകളാണ് ഏപ്രിൽ വരെ തീർപ്പുകൽപ്പിക്കാൻ അവശേഷിച്ചിരുന്നതെങ്കലും കൊവിഡ് 19 മൂലം കോടതിയുടെ പ്രവർത്തനങ്ങളും സുഗമമായി നടത്താൻ സാധിച്ചില്ല. അതിനാൽ, മാർച്ച് മാസത്തിന്‍റെ തുടക്കത്തിൽ തന്നെ 60,469 കേസുകളുടെ വിചാരണ പൂർത്തിയാക്കാതെ കിടക്കുകയാണ്.
അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന് മുമ്പിൽ 402 കേസുകളും ഏഴംഗ ബെഞ്ചിന് മുമ്പിൽ 13 കേസുകളും ഒമ്പത് ജഡ്‌ജിമാരുള്ള ബെഞ്ചിന് മുമ്പാകെ 136 കേസുകളും പരിഗണനയിലുണ്ട്. ശബരിമല സ്‌ത്രീ പ്രവേശനവും മുസ്‌ലിം, പാഴ്‌സി വിഭാഗങ്ങളിലുള്ള സ്‌ത്രീകൾക്കെതിരെയുള്ള വിവേചനങ്ങളും സുപ്രീം കോടതിയിലെ ഒമ്പത് അംഗ ബഞ്ചിന്‍റെ പരിഗണനയിൽ ആയിരുന്നു. ഹോളി അവധിക്ക് ശേഷം, അതായത് ഈ മാസം 10ന് വിചാരണ നടത്തേണ്ടിയിരുന്ന ഈ കേസുകൾ കൊവിഡ് പശ്ചാത്തലത്തിൽ നീട്ടി വച്ചു.
എന്നാൽ, വീഡിയോ കോൺഫറൻസിങ്ങിലൂടെ അടിയന്തര കേസുകൾ മാത്രം കേൾക്കാനാണ് സുപ്രീം കോടതിയുടെ പുതിയ തീരുമാനം. രാജ്യത്തിന്‍റെ പരമോന്നത കോടതിയിൽ 40,723 പുതിയ കേസുകളും 19,746 പതിവ് കേസുകളുമാണ് വിധി പ്രതീക്ഷിച്ച് അവശേഷിക്കുന്നവ. ഇവയിൽ 12, 071 കേസുകൾ ഫീസ് കുടിശികയുള്ളവ, അഥവാ അറിയിപ്പ് നൽകാത്തവ, അതുമല്ലെങ്കിൽ അപേക്ഷ പൂർത്തിയാകാതെ കിടക്കുന്നവയാണ്. അതേ സമയം,കോടതിയുടെ സാധാരണ പ്രവർത്തനം എന്ന് മുതൽ പുനരാരംഭിക്കുമെന്നതിൽ തീരുമാനമായിട്ടില്ല.