പർവതങ്ങളുടെ രാജ്ഞിയെന്ന് അറിയപ്പെടുന്ന ഷിംലയിലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. കഴിഞ്ഞ 132 വർഷമായി ഈ കെട്ടിടം നഗരത്തിന്‍റെ ഭംഗിക്കു ആകര്‍ഷണം കൂട്ടുന്നു. ഇന്ത്യയിൽ നിന്നും ലോകത്തിന്‍റെ പല ഭാഗത്ത് നിന്നും നിരവധി വിദ്യാർഥികൾ ഉന്നത പഠനത്തിനായി ഇവിടെയെത്തുന്നു. വിനോദസഞ്ചാരികൾക്കും ഇഷ്ട കേന്ദ്രമാണ് ഇവിടം.
ഇടിവി ഭാരതത്തിന്‍റെ ജലസംരക്ഷണ ക്യാമ്പയിനില്‍, ഇന്ന് നമ്മൾ ഈ കെട്ടിടത്തെക്കുറിച്ചല്ല സംസാരിക്കുക, മറിച്ച് ഇവിടുത്തെ പച്ചപ്പ് സാധ്യമാക്കിയ ഒരു സംവിധാനത്തെ കുറിച്ചാണ്. ഇവിടെ വരുന്ന ഓരോ വ്യക്തിക്കും ഊഷ്മളത പകരുന്ന ഈ പച്ചപ്പിനെ കുറിച്ച് കൂടുതല്‍ അറിയാം.
ലോകമെമ്പാടുമുള്ള ജല സംരക്ഷണം ഇന്ന് ഒരു വെല്ലുവിളിയാണ്. എന്നാൽ ഈ വെല്ലുവിളി മറികടക്കാനുള്ള ഒരു മാര്‍ഗം 100 വർഷം മുമ്പ് തന്നെ ബ്രിട്ടീഷുകാർ കണ്ടെത്തിയിരുന്നു. 1888ൽ ഈ കെട്ടിടം നിർമിച്ചപ്പോൾ, കെട്ടിടത്തിന് ചുറ്റും ഭൂഗർഭജല ടാങ്കുകൾ നിർമിച്ചിരിന്നു. അവ കെട്ടിടത്തിലെ പൈപ്പുകളിലേക്ക് ബന്ധിപ്പിച്ചിരുന്നു. മഴക്കാലത്ത് മേൽക്കൂരയിൽ ശേഖരിക്കുന്ന വെള്ളം പൈപ്പുകളിലൂടെ ഈ ടാങ്കുകളിൽ നിറയും. പിന്നീടുള്ള ഉപയോഗത്തിനായി മഴവെള്ളം സംഭരിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പിആർഒ അഖിലേഷ് പറയുന്നു.
99 ഏക്കറിലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വ്യാപിച്ച് കിടക്കുന്നത്. ഇതിൽ ഏകദേശം 30 ഏക്കറോളം, അതായത് ഏകദേശം മൂന്നിലൊന്ന് ഭാഗവും പച്ചപ്പ് നിറഞ്ഞ ഒരു വലിയ പൂന്തോട്ടമാണ്. ജലസംരക്ഷണത്തിനായി 6 ഭൂഗർഭ ടാങ്കുകൾ നിർമിച്ചിട്ടുണ്ട്. അതിൽ മഴവെള്ളം ശേഖരിക്കപ്പെടുന്നു. 4 വലിയ സംഭരണികളില്‍ 1.2 ദശലക്ഷം ഗാലൻ ജലം സംഭരിക്കാന്‍ ആകും. 30 ഏക്കർ വിസ്തൃതിയുള്ള തോട്ടത്തിലെ പച്ചപ്പും സമൃദ്ധിയും നിലനിർത്താൻ, ഈ ജലമാണ് വർഷം മുഴുവനും വിനയോഗിക്കുന്നതെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
മഴവെള്ളം ശേഖരിക്കുന്നില്ലെങ്കിൽ ഇവിടുത്തെ പച്ചപ്പ് നിലനിർത്താൻ അധിക ജലം ഉപയോഗിക്കേണ്ടിവരും. ബ്രിട്ടീഷുകാരുടെ ഈ കണ്ടുപിടുത്തത്തിലൂടെ, കഴിഞ്ഞ 100 വർഷത്തിനിടയിൽ കാമ്പസിൽ വെള്ളത്തിന് ക്ഷാമം വന്നിട്ടില്ല. ഇത് മാത്രമല്ല, 2018ൽ ഷിംലയിൽ രൂക്ഷമായ ജലപ്രതിസന്ധി ഉണ്ടായപ്പോഴും ക്യാമ്പസിലെ പച്ചപ്പ് നിലനിര്‍ത്താനായിയെന്ന് ക്യാമ്പസ് എസ്ഒ അഭിഷേക് ദാൽവി പറഞ്ഞു.
സമതലങ്ങളെ അപേക്ഷിച്ച് പർവതങ്ങളിൽ ജലസംരക്ഷണം ബുദ്ധിമുട്ടാണ്. ഓരോ വർഷവും ഏകദേശം 80 ശതമാനത്തോളം മഴവെള്ളം ഒഴുകിപ്പോകുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഭാവിയിലെ വെല്ലുവിളികൾ നേരിടാന്‍ ജലസംരക്ഷണം വളരെ പ്രധാനമാണ്, കാരണം ജലമുണ്ടെങ്കിലേ ഭാവിയുള്ളൂവെന്നും അഭിഷേക് ദാൽവി കൂട്ടിച്ചേർത്തു.
ക്യാമ്പസിലെ ജലസംരക്ഷണ സംവിധാനം 1888 മുതലാണ് പ്രവർത്തനം തുടങ്ങിയത്. കാലക്രമേണ ഇത് നവീകരിച്ചു. നിലവിലുള്ള സംവിധാനത്തിൽ കൂടുതൽ മാറ്റങ്ങൾ വരുത്താനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ടെന്ന് വാട്ടർ മാനേജ്മെന്‍റ് കോർപ്പറേഷൻ എംഡി ധർമേന്ദ്ര ഗിൽ പറഞ്ഞു.
സർക്കാരുകൾ എത്ര തന്നെ ശ്രമിച്ചാലും നടപ്പാക്കാൻ സാധിക്കാത്ത പദ്ധതിയാണ് കഴിഞ്ഞ 100 വർഷമായി ഇവിടെ പ്രവർത്തിച്ചു വരുന്നതെന്ന് അഖിലേഷ് പഥക് പറഞ്ഞു. മലമുകളിലെ ജല സംരക്ഷണം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് സർക്കാരിന് വാദിക്കാം. എന്നാൽ അത് തികച്ചും തെറ്റാണെന്നും റോക്കറ്റ് സയൻസല്ല ജലസംരക്ഷണമെന്നും ഈ ക്യാമ്പസ് നമുക്ക് കാണിച്ച് തരുന്നു.