ഹൈദരാബാദ്: സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ 30 നിയോജന മണ്ഡലങ്ങളിൽ മുൻകരുതൽ നടപടിയായി 50,000 കൊവിഡ് പരിശോധനകൾ നടത്തുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു. ഹൈദരാബാദ്, രംഗറെഡ്ഡി, വികാരാബാദ്, മെഡ്‌ചെൽ, സംഗറെഡ്ഡി എന്നീ ജില്ലകളിലാണ് പരിശോധനകൾ നടത്തുകയെന്നും ഏഴ് മുതൽ പത്ത് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പരിശോധനക്കായി സ്വകാര്യ ആശുപത്രികൾക്കും ലാബുകൾക്കും ചികിത്സയും ചികിത്സാ ഫീസും സംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കാൻ മുഖ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകി.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. ആരോഗ്യമന്ത്രി എറ്റെല രാജേന്ദർ, ചീഫ് സെക്രട്ടറി സോമേഷ് കുമാർ, സിഎംഒ പ്രിൻസിപ്പൽ സെക്രട്ടറി എസ് നാർസിങ് റാവു, സെക്രട്ടറി രാജശേഖർ റെഡ്ഡി, മുതിർന്ന ഉദ്യോഗസ്ഥർ, ആരോഗ്യ രംഗത്തെ വിദഗ്‌ധർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. മറ്റുളള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്ത് കൊവിഡ് രോഗികൾ കുറവാണെന്നും സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് കുറഞ്ഞെന്നും കൂടാതെ കൊവിഡ് റിക്കവറി റേറ്റ് കൂടിയെന്നും യോഗം വിലയിരുത്തി. കൊവിഡ് കേസുകൾ കൂടുതലുള്ള ജില്ലകളിൽ പരിശോധനകൾ കൂട്ടണമെന്ന് യോഗം തീരുമാനിച്ചു.