കൊൽക്കത്ത: അഞ്ച് ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച അഞ്ച് പോസിറ്റീവ് കേസുകളിൽ മൂന്നുപേർ ഇന്‍റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമിന്‍റെ (ഐ.എം.സി.ടി) എസ്‌കോർട്ട് ഉദ്യോഗസ്ഥരാണ്. ഇവരെ എം.ആർ ബങ്കൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും, ചിലരെ ക്വാറന്‍റൈന് വിധേയമാക്കിയതായും ബിഎസ്‌എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. സൈനികർ അതീവ ജാഗ്രതയിലാണെന്നും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ കൊവിഡ് സ്ഥിരീകരിച്ച എസ്‌കോർട്ട് കാറിന്‍റെ ഡ്രൈവറെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട 51 ലധികം ഉദ്യോഗസ്ഥരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. സംഭവത്തെതുടർന്ന് എസ്‌കോർട്ട് സംഘത്തിലെ 25 പേരെ പരിശോധനക്ക് വിധേയമാക്കി. ഇവരുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തി. ദക്ഷിണ ബംഗാൾ അതിർത്തിയിൽ നിന്നും ആദ്യ കേസ് തിങ്കളാഴ്‌ച രാത്രിയാണ് റിപ്പോർട്ട് ചെയ്‌തത്. രോഗവ്യാപനത്തെക്കുറിച്ച് ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്ന് ബിഎസ്‌എഫ് അറിയിച്ചു. കൊൽക്കത്തയിലെയും സമീപ പ്രദേശങ്ങളിലെയും കൊവിഡ് സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി ഒരു കേന്ദ്ര സംഘം ദക്ഷിണ കൊൽക്കത്തയിലെത്തി.