ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമ പ്രതിഷേധത്തിന്‍റെ ഭാഗമായി ഡല്‍ഹിയില്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ മരണം ഏഴായി. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അക്രമ സാധ്യതയുള്ള സ്ഥലങ്ങളില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി എ.സി.പി. ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും (42) നാട്ടുകാരനായ ഫര്‍ഖന്‍ അന്‍സാരിയും (32) ഉള്‍പ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ശാഹ്ദ്ര ഡി.സി.പി. അമിത് ശര്‍മയുള്‍പ്പെടെ 50 ഓളം പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. സംഘർഷത്തിനിടെ പൊലീസിന് നേരെ വെടിവച്ച മുഹമ്മദ് ഷാരൂഖ് എന്നയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഡല്‍ഹി പരിസ്ഥിതി മന്ത്രി ദോപാൽ റായി അർദ്ധരാത്രിയോടെ ലഫ്നന്റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി.
മൗജ്പുരിയിൽ വീടുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. പത്ത് ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും അക്രമിക്കപ്പെട്ടുവെന്നാണ് നിലവിൽ ഡല്‍ഹിയില്‍ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദേശീയ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്രാബാദ്, മോജ്പുര്‍, ഭജന്‍പുര, ചാന്ദ്ബാഗ്, ശാഹ്ദ്ര, കരാവല്‍ നഗര്‍, കബീര്‍ നഗര്‍, ദയാല്‍പുര്‍, ഖജൂരി ഖാസ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടിയത്. ഇരുവിഭാഗവും തമ്മില്‍ ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായിരുന്നു ഏറ്റുമുട്ടല്‍ .
ഇതിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനം തുടരുകയാണ്. ഡല്‍ഹിയിലാണ് ട്രംപിന്‍റെ ഇന്നത്തെ പരിപാടികള്‍.