മുംബൈ: കടകള്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ അഞ്ച് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്‌തു. വെടിവെപ്പില്‍ വ്യാപാരിക്ക് പരിക്കേറ്റിരുന്നു. നിഖില്‍ ചന്ദ്രകാന്ത് റോഖ്ഡെ, വികാസ് പാണ്ഡെ, ജീതു ഖരസ്യ, സൂരജ് സാഗരെ, പ്രവീണ്‍ ബവിസ്‌കര്‍ എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി ഒന്നിന് മഹാരാഷ്‌ട്രയിലെ കുരാറ ഗ്രാമത്തിലെ കടകളില്‍ ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്.
വെടിവെച്ചതിന് ശേഷം അക്രമികള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടുള്ള കത്തും കടയില്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. കടയുടമയുടെ പരാതിയില്‍ മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സിസിടിവി പരിശോധനയിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 2011 മുതൽ ജയിലിൽ കഴിയുന്ന ഒരാളാണ് ആക്രമണങ്ങള്‍ നടത്താൻ പ്രതികൾക്ക് നിർദേശം നൽകിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഡി.സി.പി ഡോ ഡി.എസ് സ്വാമി പറഞ്ഞു.