ഗുവാഹത്തി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെയും ആറ് സമുദായങ്ങള്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കിയതിനെതിരെയും ഓള്‍ മൊറാന്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍(എഎംഎസ്‌യു) ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു.
ലഖിംപൂർ, ധേമാജി, ടിൻസുകിയ, ദിബ്രുഗഡ്, ശിവസാഗർ, ജോർഹട്ട്, മജുലി, മോറിഗാവ്, ബൊംഗൈഗാവ്, ഉദൽഗുരി, കൊക്രാജർ, ബക്‌സ എന്നീ ജില്ലകളിലെ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹര്‍ത്താലിനെത്തുടര്‍ന്ന് പ്രവര്‍ത്തിച്ചില്ല. അതേസമയം ബംഗാള്‍ സ്വദേശികള്‍ക്ക് ആധിപത്യമുള്ള കാച്ചാർ, കരിംഗഞ്ച്, ഹൈലകണ്ടി, മലയോര ജില്ലകളായ കാർബി ആംഗ്ലോംഗ്, ദിമ ഹസാവോ എന്നിവിടങ്ങളിൽ ഹര്‍ത്താല്‍ ബാധിച്ചതേയില്ല. ഗുവാഹത്തിയിലെ ജനജീവിതവും വളരെ ശാന്തമായിരുന്നു.
മിക്ക സ്വകാര്യ ഓഫീസുകളും തുറന്നു പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ നില നന്നേ കുറവാണ്. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ ടയര്‍ കത്തിക്കുകയും ദേശീയ പാതകള്‍ തടയുകയും ചെയ്തു. ദീര്‍ഘ ദൂര ബസുകള്‍ സര്‍ക്കാര്‍ അകമ്പടിയോടെ സര്‍വീസ് നടത്തി. പ്രതിഷേധക്കാരും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിനെത്തുടര്‍ന്ന് ലാത്തി ചാര്‍ജ് നടത്തി. നിരവധി വിനോദ സഞ്ചാരികളാണ് ഹര്‍ത്താല്‍ മൂലം കുടുങ്ങിക്കിടക്കേണ്ടി വന്നത്. വിമാനയാത്രക്കാരും ട്രെയിന്‍ യാത്രക്കാരും വലഞ്ഞു.
മൊറാനും മറ്റ് അഞ്ച് സമുദായങ്ങളായ തായ് അഹോം, കോച്ച് രാജ്ബോങ്‌ഷി, ചുട്ടിയ, തേയില കര്‍ഷകര്‍, മാതക് എന്നിവയ്ക്കും പട്ടികവർഗ പദവി നൽകണമെന്നാണ് എഎംഎസ്‌യുവിന്‍റെ ആവശ്യം.