ദിസ്‌പൂർ: അസമിൽ 479 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 9,434 ആയി ഉയർന്നു. ഗുവാഹത്തിയിൽ നിന്നും 238 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. 3,311 പേർ ചികിത്സയിൽ തുടരുമ്പോൾ 6,106 പേർ രോഗമുക്തി നേടി. രണ്ട് പേർ കൂടി വ്യാഴാഴ്‌ച മരിച്ചതോടെ ആകെ മരണസംഖ്യ 14 ആയി. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 1,980 പോസിറ്റീവ് കേസുകളാണ് ഗുവാഹത്തിയിൽ നിന്നും റിപ്പോർട്ട് ചെയ്‌തത്. ജൂൺ 28 മുതൽ രണ്ടാഴ്‌ചത്തേക്ക് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.
അതിവേഗം രോഗനിർണയം നടത്തുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അംഗീകരിച്ച രണ്ട് ലക്ഷം 'റാപ്പിഡ് പോയിന്‍റ് ഓഫ് കാർഡ് ആന്‍റിജൻ ഡിറ്റക്ഷൻ ടെസ്റ്റ് കിറ്റുകൾ' സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറി. ഗുവാഹത്തി മെഡിക്കൽ കോളജിൽ പരീക്ഷണാടിസ്ഥാനത്തിൽ പരിശോധന നടത്തി. ഈ പരിശോധനയിലൂടെ അതിവേഗം തന്നെ ഫലം ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. രോഗവ്യാപനം കൂടുതലുള്ള ഗുവാഹത്തിയിൽ ഒരു ലക്ഷം പരിശോധനാ കിറ്റുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
4,28,886 സാമ്പിളുകൾ അസമിൽ ഇതുവരെ പരിശോധിച്ച് കഴിഞ്ഞു. നാല് ലക്ഷത്തോളം പരിശോധനാ ഫലങ്ങൾ സംസ്ഥാന സർക്കാരിന്‍റെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടു. ഗുവാഹത്തിയിലെ കൊവിഡ് വ്യാപനം തടയാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും, സംസ്ഥാനത്തെ കൊവിഡ് മുക്തമാക്കാൻ പരിശ്രമിക്കുന്നവർക്ക് അഭിനന്ദനം അറിയിക്കുന്നതായും ശർമ ട്വിറ്ററിൽ കുറിച്ചു. അസമിൽ 17,652 പേർ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലും, 1,24,947 പേർ ഹോം ക്വാറന്‍റൈനിലുമാണ്.