ഹൈദരാബാദ്: തെലങ്കാനയിലെ ജാഗ്തിയല്‍ ജില്ലയില്‍ ഞായറഴ്ച അര്‍ദ്ധരാത്രി ഉണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. ജാഗ്തിയൽ- നിസാമബാദ് ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ രണ്ട് കുടുംബങ്ങളില്‍ നിന്നായി എട്ട് പേരാണ് യാത്ര ചെയ്തിരുന്നത്. കുടുംബാംഗമായ ചന്ദ്രമോഹനെ ദുബായിലേക്ക് യാത്ര അയച്ച് മടങ്ങി പോവുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ ശ്രീനിവാസിന്‍റെ ഭാര്യ ലത സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ചന്ദ്രമോഹന്‍റെ ഭാര്യയെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഘത്തിലുണ്ടായിരുന്ന മറ്റൊരു കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. സംഭവമറിഞ്ഞ് ചന്ദ്രമോഹന്‍ തിരിച്ചെത്തി. അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിഐ ഔറുട്ല അറിയിച്ചു.