കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബുറബസാര്‍ പ്രദേശത്ത് ഓട്ടോയില്‍ കടത്തിയ രണ്ടരക്കോടി വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡിആര്‍ഐ) ആണ് 6.347 കിലോ സ്വര്‍ണ്ണം പിടികൂടിയത്. ആഗോള മാര്‍ക്കറ്റില്‍ 2.53 കോടി രൂപ വിലമതിക്കുന്ന വിദേശ നിര്‍മിത സ്വര്‍ണ്ണമാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. 14 കഷണങ്ങളായാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്.
സാള്‍ട്ട് ലേക്കില്‍ എത്തിക്കുന്ന സ്വര്‍ണ്ണം പ്രാദേശികരായ സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് കടത്തുന്നത്. വലിയ തുക പാരിതോഷികം നല്‍കിയാണ് ഇവരെ ഇതിനായി ഉപയോഗിക്കുന്നത്. സാള്‍ട്ട് ലേക്കില്‍ നിന്നും ബുറബസാറിലേക്ക് പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ യാത്ര ചെയ്യാറുള്ളത്. അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പെടാതിരിക്കാനാണ് ഈ മാര്‍ഗ്ഗം സ്വീകരിച്ചതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.