പട്ന: ബിഹാറിൽ 33 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 1,178 ആയി. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ മധുബാനി ജില്ലയിലാണ് ഏറ്റവും അധികം രോഗികൾ. രോഗ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തിവരികയാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു. ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 454 അഥിതി തൊഴിലാളികൾക്ക് രോഗ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊവിഡ് ബാധിച്ച് ഏഴ് പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഏഴ് പേർക്കും മറ്റ് പല അസുഖങ്ങളും ഉണ്ടായിരുന്നു. 453 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ 718 രോഗികളാണ് ബീഹാറിൽ ചികിത്സയിൽ കഴിയുന്നത്. 44,340 സാമ്പിളുകൾ സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചു.