ദിസ്‌പൂർ: അസമിൽ ഇന്ന് 33 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,868 ആയി ഉയർന്നു. ഒരാൾകൂടി മരിച്ചതോടെ ആകെ മരണസംഖ്യ അഞ്ചായി. ചെന്നൈയിൽ നിന്നെത്തിയ രോഗി ദിഫു മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ചയാണ് ഇയാൾ മരിച്ചത്. പുതിയതായി റിപ്പോർട്ട് ചെയ്‌ത കേസുകളിൽ ടിൻസുകിയയിൽ നിന്ന് 17, ജോർഹട്ടിൽ നിന്ന് നാല്, ബാർപേട്ടയിൽ നിന്ന് മൂന്ന്, ചിരംഗ്, കാർബി ആംഗ്ലോംഗ്, നാഗോൺ എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം, ബക്‌സ, ഗോലഘട്ട്, മജൂലി എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസ് വീതമാണ് റിപ്പോർട്ട് ചെയ്‌തത്.
ഹോജായ്, ദുബ്രി, കമ്രുപ്, ഗോലഘട്ട് എന്നീ ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചു. 2,076 പേർ ചികിത്സയിൽ തുടരുമ്പോൾ 784 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് പേർ മടങ്ങിപ്പോയി. ദിഫു ഉൾപ്പെടെ സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളജുകൾക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കൊവിഡ് പരിശോധനക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അസമിൽ 1,53,326 കൊവിഡ് പരിശോധനകൾ നടത്തിക്കഴിഞ്ഞു.