ന്യൂഡൽഹി: എയിംസ് ട്രോമ സെന്‍ററിന്‍റെ ശുചിമുറിയില്‍ 32കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ സത്‌ന സ്വദേശിയായ രാജ് അമാനി പട്ടേലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം എയിംസിൽ രാജ് അമാനി കുടൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടർ ചികിത്സക്കായി ജൂലൈ 15നാണ് ഇയാൾ എയിംസിലെത്തിയത്.
പ്രവേശനം നേടിയ ശേഷം ഇയാളെ കാണാതാകുകയായിരുന്നുവെന്നും തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അതുൽ കുമാർ ടാക്കൂർ പറഞ്ഞു. ആത്മഹത്യകുറിപ്പ് ലഭിച്ചില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്നാമത്തെ ആത്മഹത്യയാണ് എയിംസിൽ റിപ്പോർട്ട് ചെയ്യുന്നത്.