ഹൈദരാബാദ്: തെലങ്കാനയിലെ കൊവിഡ് ഭേദമായ 32 പേർ സംസ്ഥാനത്തെ മറ്റ് രോഗികളുടെ ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യാൻ മുന്നോട്ട് വന്നതായി എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. സുഖം പ്രാപിച്ച രോഗികളുടെ വിശദാംശങ്ങൾ തെലങ്കാന ആരോഗ്യമന്ത്രി ഈതല രാജേന്ദറിന് അയച്ച കത്തിൽ ഒവൈസി വിശദമാക്കി.
കൊവിഡ് രോഗികളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി രോഗം ഭേദമായവരുടെ രക്ത പ്ലാസ്മ ഉപയോഗിച്ച് ചികിത്സ നടത്താനാവും. കൊവിഡ് രോഗികളുടെ ചികിത്സയിൽ പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്നതിന് സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1,003 ആയി ഉയർന്നു. സജീവ രോഗികൾ 646 ആണ്. 332 പേരെ ഡിസ്ചാർജ് ചെയ്തു.