ന്യൂഡൽഹി: നിയന്ത്രണ രേഖയിലുടനീളമുള്ള ക്യാമ്പുകളിൽ പരിശീലനം ലഭിച്ച 400ഓളം തീവ്രവാദികൾ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞ് കയറാൻ തയാറായിരിക്കുകയാണെന്ന് കരസേനാ മേധാവി എം എം നരവാനെ. കരസേനാ ദിന പരേഡിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.കരസേനാ ദിനത്തിൽ അദ്ദേഹം ഇന്ത്യൻ ആർമി മൊബൈൽ ആപ്ലിക്കേഷനും അദ്ദേഹം രാജ്യത്തിനായി സമർപ്പിച്ചു. പാകിസ്ഥാന്‍റെ ഭാഗത്തുനിന്നും വെടിനിർത്തൽ ലംഘനങ്ങളിൽ 44 ശതമാനം വർധനയുണ്ടായതായും അദ്ദേഹം പറഞ്ഞു. പലപ്പോഴും തീവ്രവാദികൾക്ക് ജമ്മു കശ്‌മീരിലേക്ക് നുഴഞ്ഞുകയറാനായി പാകിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തി ഇന്ത്യൻ സൈന്യത്തിന്‍റെ ശ്രദ്ധ തിരിക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യൻ സൈന്യത്തിന്‍റെ ശക്തമായ തിരിച്ചടികൾ കാരണം ശത്രു പക്ഷത്ത് വലിയ നഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. നുഴഞ്ഞുകയറ്റം തടയാൻ ഇത് ഒരു പരിധിവരെ സഹായിച്ചു. കഴിഞ്ഞ വർഷം മാത്രം ഇന്ത്യൻ സൈന്യം 200ഓളം തീവ്രവാദികളെ വകവരുത്തിയതായും നരവാനെ കൂട്ടിചേർത്തു.
യുദ്ധസേനയുടെ ശക്തി വർധിപ്പിക്കുന്നതിനായി ഇന്ത്യൻ സൈന്യം പുനഃസംഘടനയ്ക്കും നവീകരണത്തിനുമായി പ്രവർത്തിക്കുന്നുണ്ടെന്നും ജനറൽ നരവാനെ പറഞ്ഞു. ഇതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് ഐഐടികൾ പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് പഠനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കേന്ദ്രസർക്കാരിന്‍റെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം 32,000 കോടി രൂപയുടെ 29 നവീകരണ പദ്ധതികൾക്കും ഇന്ത്യൻ ആർമി അംഗീകാരം നൽകിയിട്ടുണ്ട്. എട്ടിലധികം രാജ്യങ്ങളിലെ വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങളിൽ ഇന്ത്യൻ സൈന്യത്തിലെ 5,300 സൈനികരും യുഎൻ സമാധാന സേനയുടെ ഭാഗമായി തുടരുന്നുണ്ടെന്നും ജനറൽ നരവാനെ വ്യക്തമാക്കി.