ഭുവനേശ്വർ: സഹോദരികളായ മൂന്ന് പെൺകുട്ടികൾ ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ടിക്കിന റെഡ്ഡി(6), സോമ റെഡ്ഡി(9), ബർഷ റെഡ്ഡി(12) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ മെഡിക്കൽ കോളജിൽ വെച്ചാണ് മരണം സംഭവിച്ചത്. ടിക്കിന, സോമ എന്നിവരുടെ മൃതദേഹം സംസ്‌കരിച്ചു. മരണകാരണം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടികൾ ഛർദിച്ചതിനുശേഷം ബോധം കെടുകയും പിന്നീട് മരണം സംഭവിച്ചുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കുറച്ച് വർഷങ്ങളായി പെൺകുട്ടികൾ തുരുബുഡി ഗ്രാമത്തിലെ അവരുടെ മുത്തച്ഛന്‍റെ വീട്ടിലാണ് താമസിക്കുന്നത്. പെൺകുട്ടികൾ ഉറങ്ങുന്ന മുറിയിൽ കീടനാശിനി സൂക്ഷിച്ചിരിക്കുകയാണെന്നും ഇതായിരിക്കാം മരണകാരണമെന്നും ഗ്രാമവാസികൾ പറയുന്നു. ബർഷയുടെ വൈദ്യപരിശോധനാഫലം കിട്ടിയാൽ മാത്രമേ മരണകാരണം അറിയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.