ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ മൂന്ന് സൈനികരടക്കം ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 67 ആയി. കാമെങ് ജില്ലയിലെ സിങ്‌ചുങ് സബ് ഡിവിഷനിലെ മൂന്ന് സൈനികര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശേഷിക്കുന്ന രണ്ട് പേര്‍ ചാങ്‌ലാങ് സ്വദേശികളും ഒരാള്‍ ലോങ്‌ഡിങ് സ്വദേശിയുമാണ്. സൈനികര്‍ അടുത്തിടെ ബിഹാറില്‍ നിന്നും അരുണാചലിലെത്തിയവരാണ്. നോയിഡയില്‍ നിന്നും ഗുജറാത്തില്‍ നിന്നും സംസ്ഥാനത്തെത്തിയവരാണ് ശേഷിക്കുന്നവര്‍. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പടിഞ്ഞാറന്‍ കാമെങ് ജില്ലയിലെ സൈനിക കന്‍റോണ്‍മെന്‍റ് മേഖലയ്‌ക്ക് സമീപമുള്ള പ്രദേശവാസികളോട് നിയന്ത്രണമേഖലകളിലേക്ക് പ്രവേശിക്കരുതെന്ന നിര്‍ദേശം നല്‍കിയതായി കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ കേസങ് വാംങ്‌ഡ വ്യക്തമാക്കി.
63 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികില്‍സയില്‍ തുടരുന്നത്. 4 പേര്‍ രോഗവിമുക്തി നേടി. ഇതുവരെ സംസ്ഥാനത്ത് നിന്നും 13,479 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 1627 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്. ഏപ്രില്‍ 2നാണ് സംസ്ഥാനത്ത് ആദ്യ കൊവിഡ് കേസ് സ്ഥിരീകരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ മുപ്പത്തൊന്നുകാരനാണ് രോഗം ബാധിച്ചത്.