ഇറ്റാനഗർ: സംസ്ഥാനത്ത് പുതുതായി 283 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികൾ 8,416 ആയി. 19 സുരക്ഷാ ഉദ്യോഗസ്ഥർക്കും നാല് ആരോഗ്യ പ്രവർത്തകർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. അസം റൈഫിൾസിലെ ആറ് പേർക്കും നാല് ഐടിബിപി ജവാന്മാർക്കും ഒരു ആർമി ഉദ്യോഗസ്ഥനും ആറ് സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം കൊവിഡ് രോഗികളും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്നും ഇവരെ കൊവിഡ് സെന്‍ററിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു
തലസ്ഥാന നഗരത്തിലാണ് 153 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്. ലോങ്ടിങ്ങിൽ 26 പേർക്കും ടിറാപ്പിൽ 22 പേർക്കും പ്വാംപെയറിൽ 21 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉത്തര സുബൻസിരിയിൽ 11 പേർക്കും കിഴക്കൻ സിയാങിൽ പത്ത് പേർക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ നിലവിലെ കൊവിഡ് മുക്തനിരക്ക് 72.13 ശതമാനമാണ്. 2,331 സജീവ കൊവിഡ് രോഗികളാണ് നിലവിലുള്ളതെന്നും 6,071 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു.