ന്യൂഡല്‍ഹി: കശ്‌മീരിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ത്യയിലെത്തി. ജര്‍മനി, കാനഡ, ഫ്രാന്‍സ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കമുള്ള സംഘമാണ് ശ്രീനഗറിലെത്തിയത്.
കശ്‌മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ കശ്‌മീരില്‍ ഇന്ത്യ അതിക്രമങ്ങള്‍ കാണിക്കുകയാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശരാജ്യങ്ങളുടെ പ്രതിനിധികളെ ഇന്ത്യ മേഖലയിലേക്ക് ക്ഷണിക്കുന്നത്. കശ്‌മീരില്‍ സന്ദര്‍ശനം നടത്തുന്ന മൂന്നാമത്തെ വിദേശ സംഘമാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാമത്തേതും.
മേഖലയിലെ കര്‍ഷകരുമായി സംഘം ചര്‍ച്ച നടത്തും. കശ്‌മീരിലെ തീവ്രവാദ പ്രശ്‌നങ്ങളെക്കുറിച്ചും അവയില്‍ പാകിസ്ഥാനുള്ള പങ്കിനെക്കുറിച്ചും സൈനികമേധാവികള്‍ സംഘത്തിന് മുന്നില്‍ വിവരിക്കും. സന്ദര്‍ശനത്തിലുടനീളം വിദേശ സംഘത്തിന് സൈന്യം കനത്ത സുരക്ഷയൊരുക്കുമെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ശ്രീനഗറില്‍ ഒരു ദിവസം താമസിച്ച ശേഷമായിരിക്കും സംഘം ജമ്മുവിലേക്ക് പോകുക. ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ ജി.സി മുര്‍മുവുമായും സംഘം കൂടികാഴ്‌ച നടത്തും.