ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ ഫാക്‌ടറിക്കുള്ളില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 23 വയസുകാരിയാണ് മരിച്ചത്. ലോക്ക് ഡൗണില്‍ ഫാക്‌ടറി പൂട്ടിക്കിടക്കുകയായിരുന്നുവെന്നും അനില്‍ (26) എന്ന തൊഴിലാളി മാത്രമേ ഇവിടെ താമസിച്ചിരുന്നുള്ളുവെന്നും ഫാക്‌ടറി ഉടമ പൊലീസിനെ അറിയിച്ചു. പുനര്‍വാസ് കോളനിവാസിയായ അനിലിനെ കാണാതായിട്ടുണ്ട്. പൊലീസ് ഫാക്‌ടറിയിലെത്തി തെരച്ചില്‍ നടത്തിയപ്പോള്‍ രണ്ടാം നിലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. തലക്കടിക്കാന്‍ ഉപയോഗിച്ച വസ്‌തുവും മൃതദേഹത്തിനരികില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തില്‍ നരേല സ്വദേശി മുദാ ദേവിയുടെ ഭര്‍ത്താവും മകളും അനിലിന്‍റെ കൂടെ റേഷന്‍ വാങ്ങാന്‍ ഹോലാമ്പി കാലനില്‍ പോയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുദാ ദേവിയുടെ മകളുമായി ഇയാള്‍ക്ക് പ്രണയമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയ്‌ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.