ന്യൂഡൽഹി: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ 170 പേർ മരിച്ച സാഹചര്യത്തിൽ ഇന്ത്യയിലെ 21 വിമാനത്താവളങ്ങളിൽ യാത്രക്കാരെ നിരീക്ഷിക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശത്തെ തുടർന്നാണ് വിമാനത്താവളങ്ങളിൽ യാത്രക്കാരെ നിരീക്ഷണം.
സുരക്ഷയുടെ ഭാഗമായി വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ താപവികിരണങ്ങൾ നിരീക്ഷിക്കുന്ന തെർമൽ സ്ക്രീനിങ് പരിശോധന ആരംഭിച്ചിരുന്നു. ഇമിഗ്രേഷന് മുൻപ് ഇതിനായി പ്രത്യേക കൗണ്ടർ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, തെർമൽ സ്ക്രീനിങ് സമയത്ത് എന്തെങ്കിലും അണുബാധയുടെ ലക്ഷണമുണ്ടെങ്കിൽ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിലെ ആരോഗ്യ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഡൽഹി, ഹൈദരാബാദ്, മുംബൈ, കൊച്ചി, ബംഗളുരു, അഹമ്മദാബാദ്, അമൃത്‌സർ, കൊൽക്കത്ത തുടങ്ങി 21 വിമാനത്താവളങ്ങളിലാണ് യാത്രക്കാരെ നിരീക്ഷിക്കാൻ സംവിധാനമൊരുക്കിയിരിക്കുന്നത്. അതേസമയം കൊറോണയുടെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി വീഡിയോ കോൺഫറൻസ് നടത്തി.