ലഡാക്ക്: വിദേശ യാത്ര കഴിഞ്ഞെത്തിയതിനെ തുടര്‍ന്ന് ജോധ്‌പൂരിലെ ക്വാറന്‍റൈൻ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന 205 ലഡാക്ക് സ്വദേശികളെ നാട്ടിലെത്തിച്ചു. ജോധ്‌പൂരിലെ ഇന്ത്യൻ കരസേനയുടെ ക്വാറന്‍റൈൻ കേന്ദ്രത്തിലാണ് ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നത്. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ഇവരെ ലഡാക്കിയിലെ ലേയില്‍ എത്തിച്ചതായി നോർത്തേൺ കമാൻഡ് അറിയിച്ചു. ലേയിലെ എയര്‍ ഫീല്‍ഡില്‍ വെച്ച് ഇവരുടെ പരിശോധന നടപടികൾ പൂര്‍ത്തിയാക്കി.
ഇന്ത്യൻ വ്യോമസേനയുടെ സി-130 വിമാനം ജയ്‌സാൽമീറിൽ നിന്ന് ശ്രീനഗറിലേക്ക് 52 പേരെയും ഐഎൽ -76 വിമാനം ജോധ്പൂരില്‍ നിന്ന് ലേയിലേക്ക് 205 പേരെയും എത്തിച്ചതായി അറിയിച്ചു. ഈയാഴ്‌ച 225 ഇന്ത്യക്കാരെ ഇറാനിൽ നിന്ന് ഇന്ത്യയിലെത്തിക്കുകയും ജോധ്പൂരിലെ കരസേനയുടെ വെൽനസ് സെന്‍ററിൽ ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. ചൊവ്വാഴ്‌ചയും 180 പേരടങ്ങുന്ന സംഘത്തെ ജയ്‌സാൽമീറിൽ നിന്ന് ജമ്മു കശ്‌മീരിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്‌തിരുന്നു. ഇവരെല്ലാം കാർഗിൽ, ലഡാക്ക് എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. റമദാൻ മാസം ആരംഭിക്കുന്നതിനാല്‍ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.