മുംബൈ: മഹാരാഷ്ട്രയിൽ പുതുതായി റിപ്പോർട്ട് ചെയ്‌തത് 2,033 കൊവിഡ് കേസുകളും 51 മരണങ്ങളും. ഇതോടെ, സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 35,058 ആയി. ഇതിൽ 25,392 സജീവ കേസുകളും 1,249 മരണങ്ങളും ഉൾപ്പെടുന്നു. മഹാരാഷ്‌ട്രയിൽ നിന്ന് പുതുതായി 749 രോഗികളെയാണ് കൊവിഡ് ഭേദമായി ഡിസ്‌ചാർജ് ചെയ്‌തിട്ടുള്ളത്. ഇതുവരെ, മൊത്തം 8,437 രോഗികൾ സംസ്ഥാനത്ത് രോഗമുക്തി നേടി. മുംബൈയിൽ മാത്രം 1,185 പുതിയ വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ തലസ്ഥാന നഗരിയിലെ ആകെ രോഗബാധിതരുടെ എണ്ണം 21,152 ആയെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അറിയിച്ചു. മുംബൈയിൽ 23 രോഗികൾ കൂടി കൊവിഡിന് കീഴടങ്ങിയതോടെ മൊത്തം 757 മരണങ്ങളാണ് തലസ്ഥാനത്ത് മാത്രം ഉണ്ടായത്.
അതേസമയം, ധാരാവിയിൽ 85 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടുത്തെ ആകെ പോസിറ്റീവ് കേസുകൾ 1,327 ആയി ഉയർന്നു. ഇതിൽ രോഗബാധയിൽ മരിച്ച 56 രോഗികളും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടത്തിന്‍റെ ആദ്യ ദിവസത്തിൽ രാജ്യത്ത് 5,242 കൊവിഡ് ബാധിതരെയാണ് കണ്ടെത്തിയത്.