ന്യൂഡൽഹി: പുൽവാമ ആക്രമണത്തെത്തുടർന്ന് പാകിസ്ഥാനിൽ നിന്നുള്ള ചരക്കുകളുടെ ഇറക്കുമതി തീരുവ 200 ശതമാനം വർദ്ധിപ്പിക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം മുൻകാല പ്രാബല്യത്തോടെ വേണ്ടെന്ന് സുപ്രീം കോടതി.
കഴിഞ്ഞ വർഷം ഫെബ്രുവരി 14 ന് ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ നാൽപത് സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷം, കസ്റ്റംസ് താരിഫ് ആക്റ്റ് 1975 ലെ സെക്ഷൻ എട്ട് എ പ്രകാരം കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ പാകിസ്ഥാനിൽ നിന്നും കൊണ്ടുവരുന്ന എല്ലാ സാധനങ്ങൾക്കും 200 ശതമാനം കസ്റ്റംസ് തീരുവ നൽകണമെന്ന് നിയമം വന്നു.
വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുമുമ്പുള്ള കാലത്ത് നടത്തിയ ഇടപാടുകൾക്കും വർദ്ധിച്ച തുക നൽകാൻ വ്യാപാരികളോട് ആവശ്യപ്പെട്ടതോടെ നടപടി വ്യാപാരികൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.
തുടർന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ വ്യാപാരികൾ സമർപ്പിച്ച ഹർജി പ്രകാരം വർദ്ധിച്ച തുക ഈടാക്കാനാവില്ലെന്ന് വിധി വരുകയും ഏഴ് ദിവസത്തിനുള്ളിൽ ചരക്കുകൾ ഇറക്കി നൽകണമെന്നും കോടതി വിധിച്ചു. വിധിയെ ചോദ്യം ചെയ്ത് കേന്ദ്രം സുപ്രീംകോടതിയിൽ പോവുകയും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രത്തിന്‍റെ ഹർജി തള്ളുകയും ചെയ്തു.