ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ശനിയാഴ്ച 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 252 ആയെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. പുതിയ കേസുകളിൽ എട്ടെണ്ണം പശ്ചിമ കാമെംഗ് ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത എല്ലാ കേസുകളും ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിൽ നിന്നുള്ളതാണ്. ഇതിൽ പതിനാറെണ്ണം രോഗലക്ഷണങ്ങളില്ലാത്തവയും നാലെണ്ണം കൊവിഡ് ലക്ഷണങ്ങളുള്ളതുമായിരുന്നു.
രോഗം പുതിതായി സ്ഥിരീകരിച്ചവരെല്ലാം അസം, ബിഹാർ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ജാർഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. പശ്ചിമ കാമെംഗിൽ നിന്നുള്ള നാല് രോഗികളെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ബാക്കി 16 പേരെ കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു. നാല് രോഗികളെ കൊവിഡ് കെയര്‍സെന്‍ററുകളില്‍ നിന്ന് വീടുകളിലേക്ക് മടക്കി അയച്ചു. ഒപ്പം പതിനാല് ദിവസം കൂടി ഹോം ക്വാറന്‍റൈനില്‍ കഴിയാനും നിര്‍ദേശിച്ചു.
അരുണാചൽ പ്രദേശിൽ ഇപ്പോൾ 176 സജീവ കൊറോണ വൈറസ് കേസുകളുണ്ട്. 75 രോഗികൾ രോഗത്തിൽ നിന്ന് കരകയറി. ഒരാൾ അണുബാധ മൂലം മരിച്ചു. അരുണാചലിന്‍റെ തലസ്ഥാനമായ ഇറ്റാനഗറിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. ഇവിടെ ഇതുവരെ 81 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് 25917 സാമ്പിളുകൾ പരിശോധിച്ചതായും 1584 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുള്ളതായും അധികൃതര്‍ പറഞ്ഞു.