കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 18കാരനായ പ്രമേഹ രോഗി കൊവിഡ് ബാധിച്ച് മരിച്ചു. യുവാവിന് മൂന്ന് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതായി ബന്ധുക്കൾ ആരോപിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന സുബ്രജിത് ചട്ടോപാധ്യായ ആണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിലാണ് (കെഎംസിഎച്ച്) സുബ്രജിത് മരിച്ചത്. ഇവിടെയും ചികിത്സ നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് മകനെ പ്രവേശിപ്പിച്ചതെന്ന് പിതാവ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ സേവന ഡയറക്ടർ അജോയ് ചക്രബർത്തി അറിയിച്ചു.
പ്രമേഹ രോഗിയായ സുബ്രജിത്തിന് വെള്ളിയാഴ്‌ച രാവിലെയാണ് ശ്വാസതടസം അനുഭവപ്പെട്ടത്. തുടര്‍ന്ന് കാമർഹട്ടിയിലെ ഇ.എസ്.ഐ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഐസിയുവില്‍ കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് വിട്ടയച്ചു. പിന്നീട് സ്വകാര്യ നഴ്‌സിങ് ഹോമിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് നടത്തിയ കൊവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇതോടെ കിടക്കയില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. സാഗർ ദത്ത ആശുപത്രിയിലും അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചതായി സുബ്രജിത്തിന്‍റെ അമ്മ പറഞ്ഞു. തുടര്‍ന്ന് പ്രവേശിപ്പിച്ച കെഎംസിഎച്ചിൽ മകന് മരുന്ന് നല്‍കിയില്ലെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും മാതാപിതാക്കൾ ആരോപിച്ചു.