ഭുവനേശ്വർ: ഒഡീഷയിൽ 175 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. രോഗബാധിതരില്‍ 21 ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,338 ആയി ഉയർന്നു. പുതിയ കേസുകളിൽ 145 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ കഴിയുന്നവരാണ്. 30 കേസുകൾ സമ്പർക്കത്തിലൂടെ പകർന്നതാണ്. രോഗം സ്ഥിരീകരിച്ച അഗ്നിശമന സേന ഉദ്യോഗസ്ഥർ പശ്ചിമ ബാഗാളിലെ ഉംപുൻ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം മടങ്ങിയെത്തിയവരാണ്. ഉദ്യോഗസ്ഥരെല്ലാം ക്വാറന്‍റൈനിലാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരുടെ എണ്ണം 195 ആയി ഉയർന്നു.
എൻഡിആർഎഫ്, ഒഡിആർഎഎഫ്, അഗ്നിശമന സേന ഉദ്യോഗസ്ഥരിൽ 174 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിരുന്നു. ഒഡീഷയിൽ 1,350 പേർ ചികിത്സയിൽ തുടരുമ്പോൾ 2,974 പേർ രോഗമുക്തി നേടി. 11 പേർ മരിച്ചു. ഗജപതി (57), ഖുർദ (25), പുരി (18), ബർഗഡ് (11) എന്നീ ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഗജപതിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 165 ആയി. സംസ്ഥാനത്തെ 30 ജില്ലകളിൽ പകുതിയിലും നൂറിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതിൽ നാല് ജില്ലകളിൽ 300 ലധികം കേസുകൾ രജിസ്റ്റർ ചെയ്‌തു കഴിഞ്ഞു. ഗഞ്ചം (698), കട്ടക്ക് (520), ഖുർദ (374), ജജ്‌പൂർ (341) ജില്ലകളാണിത്. ഒഡീഷയിൽ 2,08,472 സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞു.