ഭുവനേശ്വർ: ഒഡിഷയിലെ കേന്ദ്രപാറ ജില്ലയിലെ ഖരസ്‌രോട്ട നദിയിൽ കുളിക്കാനിറങ്ങിയ 16കാരനെ മുതല കൊലപ്പെടുത്തി. രുദ്ര നാരായൺ ബെഹ്‌റയാണ് മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നദിയിൽ നിന്ന് പുറത്ത് വന്ന മുതല കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം 16കാരന്‍റെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
വന്യമൃഗങ്ങളുടെ ആക്രമണവും വന്യമൃഗങ്ങൾക്ക് നേരെയുള്ള മനുഷ്യന്‍റെ ആക്രമണമവും ഈ പ്രദേശത്ത് വർധിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. നദിയിലെ ഭക്ഷ്യ ശേഖരം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ മുതലകൾ മറ്റ് നദികളിലേക്കും കരയിലേക്കും മാറുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.