ഐസ്വാൾ: മിസോറാമിൽ പുതുതായി 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 3,822 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ ബിഎസ്എഫ് ഉദ്യോഗസ്ഥരുമുണ്ടെന്ന് അധികൃതർ പറഞ്ഞു. ഐസ്വാളിൽ ഏഴ് പേർക്കും ലോങ്‌റ്റ്‌ലായിൽ അഞ്ച് പേർക്കും ലംഗ്ലേ, മാമിറ്റ്, സിയാഹ, ചംബായ് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ബിഎസ്‌എഫ് ജവാൻമാർ, പൊലീസ് ഉദ്യോഗസ്ഥൻ, രണ്ട് കുട്ടികൾ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു.
പുതിയ രോഗികളിൽ ആറ് പേർ കൊവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും പത്ത് പേർ രോഗലക്ഷങ്ങൾ പ്രകടമാക്കിയില്ലെന്നും അധികൃതർ പറഞ്ഞു. ഐസ്വാളിലും മറ്റ് പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. അടുത്ത വർഷം ജനുവരി പത്ത് വരെ 'കൊവിഡ് 19 നോ ടോളറൻസ് ഡ്രൈവ്' തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് 392 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുളളത്. മിസോറാമിലെ കൊവിഡ് മുക്തി നിരക്ക് 89.62 ശതമാനമാണെന്നും 1,49,061 കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേ സമയം രാജ്യത്ത് 41,810 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 93,92,920 ആയി ഉയർന്നു. 42,298 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 88,02,267 ആയി.