ഹോഷന്‍ഗാബാദ്: മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം വീണ്ടും വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. ഹോഷന്‍ഗാബാദ് ജില്ലയിലെ അംരായി ഗ്രാമത്തില്‍ സര്‍ക്കാര്‍ പ്രൈമറി സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വെള്ളിയാഴ്ച സ്കൂളില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ 16 കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്. സ്കൂളില്‍ നിന്നും വീടുകളിലെത്തിയതോടെ വിദ്യാര്‍ഥികള്‍ ഛര്‍ദിക്കാന്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അവശരായ കുട്ടികളെ ഉടന്‍ തന്നെ സുഖ്താവയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ തുടരുന്ന വിദ്യാര്‍ഥികളുടെ സ്ഥിതി നിലവില്‍ മെച്ചപ്പെട്ട നിലയിലാണ്.
ഉച്ചഭക്ഷണത്തിനായ് കുട്ടികൾക്ക് ഖടി-ചാവല്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘമാണ് സ്കൂളില്‍ ഭക്ഷണ വിതരണം നടത്തിയത്. കുട്ടികൾക്ക് നല്‍കിയ ഭക്ഷണത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥന്‍ യോഗേഷ്
ഖാഗ്രേ പറഞ്ഞു. സ്കൂളുകളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് നേരത്തെയും വിവാദത്തില്‍ പെട്ടിരുന്നു.