ഷില്ലോങ്: മേഘാലയയില്‍ വന്‍ തോതില്‍ സ്ഫോടകവസ്തുക്കള്‍ കൈയില്‍ വച്ചതിന് ആറ് പേര്‍ അറസ്റ്റില്‍. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ നിന്നുള്ള ആറ് പേരെയാണ് സ്‌ഫോടകവസ്തുക്കളും ഡിറ്റണേറ്ററുകളും സൂക്ഷിച്ചതിന് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ബുധനാഴ്ച പ്രദേശത്ത് റെയ്ഡ് നടത്തിയപ്പോള്‍ 4 കിലോ സ്ഫോടകവസ്തുക്കള്‍ പിടികൂടിയിരുന്നു.
തുടര്‍ന്ന് ഔട്ട്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ അസം രജിസ്ട്രേഷന്‍ എസ്‌യുവിയില്‍നിന്ന് സ്ഫോടകവസ്തുക്കളുമായി രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. 250 കിലോ സ്‌ഫോടകവസ്തുക്കളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അസിസ്റ്റന്‍റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ജി കെ ഇങ്‌ഗ്രായ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരില്‍ നിന്നും മറ്റ് നാല്പേരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നാല് പേരെയും അറസ്റ്റ് ചെയ്തു. സ്ഥലത്ത് നിന്നും ജെലാറ്റിൻ സ്റ്റിക്കുകൾ ഉള്‍പ്പടെ 1,275 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇങ്‌ഗ്രായ് അറിയിച്ചു.