ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള 25,000 പേരില്‍ 15,000 പേരും വീടുകളില്‍ ചികിത്സയിലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വീടുകളില്‍ ചികിത്സ നല്‍കാനുള്ള സംവിധാനം സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരണസംഖ്യ കുറഞ്ഞുവരികയാണ്. നിലവില്‍ 55 മുതല്‍ 60 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കണക്ക് പരിശോധിക്കുമ്പോള്‍ മരണനിരക്കില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ നിരക്ക് ഇനിയും കുറയും. അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്‌ച 6200 രോഗികളുണ്ടായിരുന്ന ആശുപത്രികളില്‍ നിലവില്‍ 5100 രോഗികള്‍ മാത്രമാണുള്ളത്. നിലവില്‍ 15,000 കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം സംസ്ഥാനത്തുണ്ടെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഏതൊക്കെ ആശുപത്രികളിലാണ് കട്ടില്‍ ഒഴിവുള്ളതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പില്‍ കാണാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 99,444 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3067 പേര്‍ മരണപ്പെട്ടിട്ടുണ്ട്.